സൗദിയിലേക്ക് സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

Global Indian Writer · November 21, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് നീട്ടി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 24 വരെയും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ നവംബർ 21 വരെയായിരുന്നു ജിദ്ദ സർവീസുകൾ നിർത്തിവെച്ചിരുന്നത്. ഇൻഡിഗോയും ആകാശ എയറും സൗദിയിലേക്കുള്ള തങ്ങളുടെ മുഴുവൻ സർവീസുകളും ഈ മാസം 30 വരെ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കുന്നത് ഉംറ തീർഥാടകരുടേതുൾപ്പെടെയുള്ള യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. വിദേശ വിമാനക്കമ്പനികൾ ഗ്രൂപ്പ് ടിക്കറ്റുകൾ അനുവദിക്കാത്തതും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും കാരണം പല ഉംറ ഗ്രൂപ്പുകളും യാത്രകൾ ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദിയിലേക്കുള്ള പ്രതിസന്ധി രൂക്ഷമായതോടെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. അതേസമയം, സൗദി കമ്പനികളായ സൗദി എയർലൈൻസ്, ഫ്‌ലൈനാസ്, ഫ്‌ലൈ അദീൽ എന്നിവ സാധാരണ നിലയിൽ സർവീസുകൾ തുടരുകയും വിവിധ സെക്ടറുകളിലേക്ക് അധിക സർവീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.