ന്യൂഡല്‍ഹി: ഓര്മക്കുറിപ്പില് സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നല്കിയ പരാതിയിലാണ് നടപടി. സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സവര്‍ക്കറുടെ അനുയായികളുടേയും മറാത്തി സമൂഹത്തിന്റെയും വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.
നവംബര്‍ പത്തിനാണ് സോണിയ ഗാന്ധിയുടെ 544 പേജുള്ള ഓര്‍മക്കുറിപ്പായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് പുറത്തിറങ്ങിയത്. പുസ്തകത്തിലെ സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിനാദാരം. സവര്‍ക്കറുടെ ബ്രിട്ടീഷ് ഭരണകൂടത്തിന് മുന്നിലെ മാപ്പപേക്ഷകളെയും ഹിന്ദുത്വ ആശയത്തിന്റെ രൂപീകരണത്തിലെ പങ്കിനെയും കുറിച്ചുള്ള പരാമര്‍ശങ്ങളാണ് പരാതിക്കാര്‍ പ്രധാനമായും എതിര്‍ക്കുന്നത്.
പുസ്തകത്തിന്റെ 201, 443 പേജുകളിലെ പരാമർശങ്ങളാണ് പരാതിക്കാർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസ് നേതാക്കൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തടവിനും പീഡനങ്ങൾക്കും ഇരയായപ്പോൾ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ സമർപ്പിക്കുകയായിരുന്നുവെന്നാണ് 201-ാം പേജിലെ പരാമർശത്തിന്റെ ഉള്ളടക്കം. ആർഎസ്എസ് അംഗങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന് വിവരങ്ങൾ കൈമാറിയിരുന്നുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്.
443-ാം പേജിൽ സവർക്കറുടെ ഹിന്ദുത്വ ആശയത്തെക്കുറിച്ചാണ് സോണിയ ഗാന്ധി എഴുതുന്നത്. ഇന്ത്യയെ പ്രധാനമായും ഹിന്ദുക്കൾക്ക് ആധിപത്യമുള്ള രാഷ്ട്രമായി കാണുന്ന ആശയത്തിന്റെ സ്ഥാപകനായാണ് സവർക്കറെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ഈ കാഴ്ചപ്പാടിനെ ആർഎസ്എസ്, ബിജെപി, സംഘ്പരിവാർ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളുമായും ബന്ധിപ്പിക്കുന്നുണ്ട്. ഈ പരാമർശങ്ങൾ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും സവർക്കറുടെ സ്വാതന്ത്ര്യസമരത്തിലെ സംഭാവനകളെ അപമാനിക്കുന്നതാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.
Leave a Comment
Your comment will be visible after admin approval.