പട്‌ന∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ചതും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകൾ ഇല്ലാതെ പോയതും കോൺഗ്രസിനു പറ്റിയ തെറ്റെന്ന് സഖ്യകക്ഷിയായ ജെഡിയു. ബിജെപിയുടെ ‘വിഭാഗീയ ഉന്മാദ’ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെട്ടതാണ് ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് ജെഡിയു മുഖ്യ വക്താവും എംഎൽസിയുമായ നീരജ് കുമാർ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ അഞ്ച് സീറ്റുകളിൽ ജെഡിയു മത്സരിച്ചിരുന്നു. ദേശീയ തലത്തിൽ സഖ്യമുണ്ടെന്നു പറയുകയും സംസ്ഥാനങ്ങളിൽ പ്രത്യേകം മത്സരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിൽ അർഥമില്ലെന്നും നീരജ് കുമാർ പറഞ്ഞു. ജാതി സെൻസസ്, ഒബിസി എന്നിവയെ കുറിച്ച് കേവലം പരാമർശം മാത്രം നടത്തുകയും പിന്നാക്ക സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകണമെന്ന ബിഹാറിന്റെ ആവശ്യം പിന്തുണയ്ക്കാതിരിക്കുകയും ചെയ്തതിന് അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ കാര്യങ്ങൾ ആവശ്യമായിരുന്നു. ബിഹാറിൽ ആരംഭിച്ചത് മറ്റു സംസ്ഥാനങ്ങളിലും ആവശ്യമാണ്. ബിജെപിയുടെ വിഭാഗീയ ഭ്രാന്തൻ രാഷ്ട്രീയത്തെ സാമൂഹിക പരിഗണനയുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ച് മാത്രമേ നേരിടാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.