Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖാൻയൂനിസിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ: തെക്കൻ ഗാസയിലും ഹമാസിനെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

ഖാൻയൂനിസിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ: തെക്കൻ ഗാസയിലും ഹമാസിനെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

റഫ: മൃതദേഹങ്ങൾ കൊണ്ട് ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ഗാസ ആരോഗ്യ മന്ത്രാലയം. വെടിനിർത്തൽ പ്രഖ്യാപനത്തിൻ്റെ കാലാവധി തീർന്നതോടെ ഇസ്രയേൽ ആക്രമണം പുന:രാരംഭിച്ചിരുന്നു. ഇതിന് ശേഷം 800ലധികം പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതിനിടയിൽ തെക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം കര ആക്രമണം ശക്തിപ്പെടുത്തി.

ഇസ്രായേൽ ബോംബാക്രമണം പുനരാരംഭിച്ചതിന് ശേഷം ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത രീതിയിലാണ് രോഗികളുടെ വരവെന്നാണ് മധ്യ ഗാസയിലെ അൽ-അഖ്‌സ ആശുപത്രിയെ പിന്തുണയ്ക്കുന്ന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്‌എഫ്) പറയുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 100ലധികം പേർ മരിക്കുകയും 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ദിവസങ്ങളോളവും ചിലപ്പോൾ ആഴ്ചകളോളവും മുറിവ് ഡ്രെസ്സിംഗിൽ മാറ്റാത്തതിനാലുള്ള അണുബാധയുടെയും നെക്രോറ്റിക് ടിഷ്യുവിന്റെയും ലക്ഷണങ്ങളുള്ള രോഗികളും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നതായാണ് എംഎസ്എഫ് വ്യക്തമാക്കുന്നത്. ശരീരാവയവത്തിൽ മൃതകോശങ്ങൾ ഉള്ളതിനാൽ മുറിവ് ഉണങ്ങുന്നതിന് തടസ്സം നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് നെക്രോറ്റിക് ടിഷ്യു.

ഇതിനിടെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ ഇസ്രയേൽ നിരന്തരം ബോംബാക്രമണവും പീരങ്കി ഷെല്ലാക്രമണവും നടത്തുന്നതായാണ് റിപ്പോർട്ട്. വെടിനിർത്തൽ ധാരണ അവസാനിച്ചത് ശേഷം രൂക്ഷമായ ആക്രമണമാണ് ഈ പ്രദേശത്ത് നടക്കുന്നതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഖാൻ യൂനിസിലെ പലപ്രദേശങ്ങളിൽ നിന്നും താമസക്കാരോട് ഒഴിഞ്ഞുപോകാൻ നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി കൂടുതൽ ആളുകൾ നാസർ ആശുപത്രിയിൽ അഭയം പ്രാപിച്ചതിനാൽ ഇവിടുത്തെ സ്ഥിതി വളരെ ഭയാനകമാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ തെക്കൻ ഗാസയിലെ ഹമാസ് പോരാളികളുടെ ഗതി വടക്കേയറ്റത്തെപ്പോലെ തന്നെയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് രംഗത്ത് വന്നു. ഗാസയിൽ ഇസ്രായേൽ സൈനികർ നടത്തുന്ന നടപടികൾ താമസിയാതെ ഹമാസിനെ ശിഥിലീകരിക്കുമെന്ന് ഗാലൻ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. തെക്കൻ ഗാസയിലെ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ഗാലൻ്റിൻ്റെ അഭിപ്രായ പ്രകടനം.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ വ്യോമസേന ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു. റോക്കറ്റ് ലോഞ്ചറുകൾ, ആയുധ ഡിപ്പോകൾ, ഹമാസിന്റെ ഉടമസ്ഥതയിലുള്ളതായി തിരിച്ചറിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയാണെന്നും ഹഗാരി അറിയിച്ചു. ‘ഞങ്ങൾ വടക്കൻ ഗാസയിൽ അവരെ പിന്തുടർന്നു. ഇപ്പോൾ തെക്കൻ ഗാസയിലും ഞങ്ങൾ ഹമാസിനെ പിന്തുടരുന്നു. ഹമാസ് ഭീകരർക്കെതിരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയും ഞങ്ങൾ പരമാവധി ശക്തിയോടെ പ്രവർത്തിക്കും, അതേസമയം സാധാരണക്കാർക്കുള്ള നാശനഷ്ടം പരമാവധി കുറയ്ക്കും’, ഹഗാരി കൂട്ടിച്ചേർത്തു.

137 ബന്ദികൾ ഇപ്പോഴും ഗാസയിൽ ഉണ്ടെന്ന് ഡാനിയൽ ഹഗാരി വ്യക്തമാക്കി. യുദ്ധം തുടരാനും ഹമാസിനെ നശിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ ഇസ്രയേലിലേയ്ക്ക് കൊണ്ടുവരാനും ദൃഢനിശ്ചയം ചെയ്തുവെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 400 ലധികം ഹമാസ് കേന്ദ്രങ്ങളെ ഇസ്രായേൽ സൈന്യം ആക്രമിച്ചതായാണ് ഹഗാരി വ്യക്തമാക്കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 ഇസ്രായേലി സൈനിക വാഹനങ്ങൾ നശിപ്പിച്ചതായുള്ള അവകാശവാദവുമായി ഹമാസ് രംഗത്ത് വന്നിട്ടുണ്ട്. യുദ്ധം നടക്കുന്ന ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ഹമാസ് പോരാളികൾ സൈനിക വാഹനങ്ങൾ പൂർണ്ണമായും ഭാഗികമായോ നശിപ്പിച്ചതായി ഹമാസിൻ്റെ അൽ ഖസ്സാം ബ്രിഗേഡ്‌സിൻ്റെ വക്താവ് അബു ഒബൈദ പറഞ്ഞതായി അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹമാസിൻ്റെ സായുധ വിഭാഗം ഇസ്രായേൽ സേനയെ ആയുധങ്ങൾ ഉപയോഗിച്ച് നേരിട്ടതായി അബു ഒബൈദ പ്രസ്താവനയിൽ പറഞ്ഞു. അൽ ഖസ്സാം പോരാളികൾ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ഇസ്രായേൽ സേനയെ ആക്രമിക്കുകയും വിവിധ ഇസ്രായേലി നഗരങ്ങളിൽ റോക്കറ്റുകളുടെ ആക്രമണം നടത്തുകയും ചെയ്തുവെന്നും അബു ഒബൈദ കൂട്ടിച്ചേർത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments