റോം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ ബാല്യകാല വീട് മ്യൂസിയമാക്കി മാറ്റാൻ ഒരുങ്ങി ഇറ്റലിയിൽ താമസിക്കുന്ന സിഖ് വ്യവസായി സുഖ്ദേവ് സിങ് കാങ്. ഇറ്റലിയിലെ ലുസിയാന ഗ്രാമത്തിലുള്ള ആറു മുറികളുള്ള വീടാണ് മ്യൂസിയമാക്കാൻ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ അനുമതികൾ ലഭിച്ചതായും പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
സോണിയ ഗാന്ധിയുടെ ജന്മസ്ഥലമെന്ന് അവകാശപ്പെടുന്ന ഈ വീട് 2020ലാണ് കാങ് ഭാര്യയുടെയും മകളുടെയും പേരിൽ വാങ്ങിയത്. ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലെ വെനറ്റോ മേഖലയിലുള്ള ലുസിയാന ഗ്രാമത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന് മുന്നിൽ ത്രിവർണ പതാകയും ‘ഇന്ത്യൻ ഹൗസ്, സോണിയ ഗാന്ധിയുടെ ജന്മസ്ഥലം, 1946 ഡിസംബർ 9’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വീട് സന്ദർശിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഒരു കെയർടേക്കറെയും നിയോഗിച്ചിട്ടുണ്ട്.
വീടിന്റെ ചരിത്രപരമായ പ്രാധാന്യം നിലനിർത്തിക്കൊണ്ട് അതിനെ മ്യൂസിയമാക്കി വികസിപ്പിക്കാനാണ് കാങിന്റെ കുടുംബത്തിന്റെ തീരുമാനം. വീട് വാടകയ്ക്ക് നൽകാനും ഗുരുദ്വാരയാക്കി മാറ്റാനുമുള്ള നിർദേശങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിലും കുടുംബം അവ നിരസിച്ചു. സോണിയ ഗാന്ധിയുടെയും മൈനോ കുടുംബത്തിന്റെയും ഓർമകളുമായി ബന്ധപ്പെട്ട ഇടമായി വീട് സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കാങ് പറഞ്ഞു. വീടിന്റെ നികുതിയും പരിപാലനവും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 1,000 യൂറോ ചെലവാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യൂസിയത്തിൽ സോണിയ ഗാന്ധിയുടെ കുടുംബചരിത്രവും ബാല്യകാലവുമായി ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളും വ്യക്തിഗത വസ്തുക്കളും പ്രദർശിപ്പിക്കാനാണ് പദ്ധതി. ഇതിനായി സോണിയ ഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും നേരിൽക്കണ്ട് ആവശ്യമായ വിവരങ്ങളും വസ്തുക്കളും ശേഖരിക്കാനാണ് കാങിന്റെ ആഗ്രഹം. ഗാന്ധി കുടുംബത്തിന്റെ സഹകരണം ലഭിച്ചാൽ മ്യൂസിയം കൂടുതൽ സമഗ്രമായി ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.
1992ൽ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഗ്രാമത്തിൽനിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ കാങ് തുടക്കത്തിൽ ഡയറി ഫാം, കാർഷിക മേഖല, ഫാക്ടറി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം ബ്രെഷിയയിലാണ് താമസം. ലുസിയാനയിലെ വീട് അവിടെനിന്ന് ഏകദേശം ഒരു മണിക്കൂർ യാത്രാദൂരത്തിലാണ്. സോണിയ ഗാന്ധിയുടെ ജന്മദിനത്തിൽ എല്ലാ വർഷവും പൊതുപരിപാടി സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘Belonging: A Journey of Love’ പുറത്തിറങ്ങിയതോടെ അവരുടെ വ്യക്തിജീവിതത്തെയും ഇറ്റലിയിലെ ബാല്യകാലത്തെയും കുറിച്ചുള്ള താൽപര്യം വീണ്ടും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മ്യൂസിയം പദ്ധതി കൂടുതൽ ശ്രദ്ധ നേടുമെന്നാണ് കാങിന്റെ പ്രതീക്ഷ. മ്യൂസിയം യാഥാർഥ്യമായാൽ ഇറ്റലി സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് പുതിയൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാകുമെന്നും ഗ്രാമത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കരുതുന്നു.
Leave a Comment
Your comment will be visible after admin approval.