തൃശൂര്‍: ബിജെപി പ്രവേശനം തെറ്റായ തീരുമാനമായിരുന്നെന്നും തന്റെ നിലപാടിലൂടെ വേദനിപ്പിക്കപ്പെട്ട ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നുവെന്നും പത്മജ വേണുഗോപാല്‍. കെ. കരുണാകരന് എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് തയ്യാറെടുത്തത്. പല ഭാഗങ്ങളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുന്നു -പത്മജ പറഞ്ഞു.
ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ച പത്മജയെ പദവിയൊന്നും വാഗ്ദാനം ചെയ്യാതെ തിരിച്ചെടുക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. അതേസമയം, ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പത്മജയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. പത്മജയുടെ മുന്‍ നിലപാടുകളും പ്രസ്താവനകളും ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. തെറ്റ് സമ്മതിച്ച ശേഷം തിരികെവരണമെന്ന ആവശ്യവുമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്മജ ക്ഷമ ചോദിച്ചിരിക്കുന്നത്.
വികാരപരമായ ഒരു നിമിഷത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ താന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണെന്ന് പത്മജ പറഞ്ഞു. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. അടുത്ത മാസം അച്ഛന്റെ ചരമ വാര്‍ഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം -പത്മജ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.