ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ അന്തരിച്ച മുതിർന്ന നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. അതോടൊപ്പം ഇടക്കിടെ അപ്രത്യക്ഷനാകുന്ന രാഹുലിന്റെ സ്വഭാവത്തിൽ പ്രണബ് നിരാശനായിരുന്നു. പ്രണബ് മുഖർജിയെ കുറിച്ച് മകൾ ശർമിഷ്ഠ എഴുതിയ ‘പ്രണബ് മൈ ഫാദർ’ എന്ന പുസ്തകത്തിലാണ് ഈ വിവരം. രാഹുൽ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പിതാവിന്റെ ബന്ധത്തെ കുറിച്ചും വിമർശനാത്കമായി വിലയിരുത്തുന്നുണ്ട് പുസ്തകത്തിൽ.
”ഒരു ദിവസം രാവിലെ മുഗൾ ഗാർഡൻസിൽ(ഇപ്പോൾ അമൃത് ഉദ്യാൻ) പതിവു പ്രഭാതനടത്തത്തിലായിരുന്നു പിതാവ്. അപ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ കാണാൻ വന്നു. പ്രഭാത നടത്തത്തിനും പൂജക്കുമിടെ ആരും തടസ്സപ്പെടുത്തുന്നത് പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാലും രാഹുലിനെ കാണാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. രാഹുൽ സത്യത്തിൽ പിതാവിനെ കാണാൻ തീരുമാനിച്ചത് അന്ന് വൈകുന്നേരമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓഫിസ് കൂടിക്കാഴ്ച രാവിലെയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതറിഞ്ഞപ്പോൾ പിതാവ് പരിഹസിച്ചു. രാഹുലിന്റെ ഓഫിസിന് എ.എമ്മും പി.എമ്മും തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു ദിവസം പി.എം.ഒയിൽ പ്രവർത്തിക്കേണ്ടി വന്നാൽ എങ്ങനെയാണ് സാധിക്കുക.”-പുസ്തകത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന പ്രണബ് മുഖർജിയുടെ ഡയറിയുടെ പേജുകൾ പുസ്തകത്തിലുണ്ട്. 2020ലാണ് അദ്ദേഹം അന്തരിച്ചത്. മൂന്നുപതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ അദ്ദേഹം പല സ്ഥാനമാനങ്ങളും അലങ്കരിച്ചു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നുള്ള എം.പിയായി രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ച അവസരത്തിൽ യു.പി.എ സർക്കാരിൽ ധന,പ്രതിരോധ മന്ത്രിയായിരുന്നു പ്രണബ് മുഖർജി.