സൗദി അറേബ്യയിലെ ബിഷ ബെസ്റ്റ് വേ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബിഷ ഏരിയാ കമ്മിറ്റി അഡ്വ. ഷെമീർ കണ്ണമംഗലത്തിന് സ്വീകരണവും ബെസ്റ്റ് വേ അംഗത്വ കാർഡ് വിതരണവും പുതുവർഷ കലണ്ടർ പ്രകാശനവും നടത്തി. ബെസ്റ്റ് വേ നാഷണൽ പ്രസിഡൻ്റ് അസ്ലം പാലത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ഷെമീർ കുന്നമംഗലം മുഖ്യ പ്രഭാഷണം നടത്തി.
നൂറുകണക്കിന് പ്രവാസി സഹോദരങ്ങളെ സൗദിയുടെ വിവിധ സ്ഥലങ്ങളിൽ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് ഷെമീർ കുന്നമംഗലം മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. “ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ, അബഹ, ബിഷ സ്ഥലങ്ങളിലെ പ്രവാസി സഹോദരങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹ വായ്പകൾ ഏറ്റുവാങ്ങാൻ ഇടയായി. എല്ലാവരും സാധാരണക്കാരാണ്. പക്ഷേ തനിക്ക് ചെയ്യാൻ പറ്റുന്ന നന്മകളാൽ സമ്പന്നരാണ് ഓരോ ആളുകളും. പ്രവാസ മണ്ണിൽ കുടുംബത്തെ പോറ്റുന്ന വലിയ ഉത്തരവാദിത്വത്തോടൊപ്പം അർഹതപ്പെട്ട പാവങ്ങളെയും ചേർത്തുപിടിക്കുന്ന വലിയ മനസ്സുള്ളവരാണ് ഓരോ പ്രവാസികളും. ഒരു കൂടപ്പിറപ്പിനെ പോലെ എന്നും കൂടെ ഉണ്ടാകും എന്നുള്ള മാത്രമേ എനിക്ക് നിങ്ങളോട് നൽകാനുള്ളൂ” എന്ന് അദ്ദേഹം പറഞ്ഞു. ബിഷ ഏരിയാ കമ്മറ്റിയുടെ സ്നേഹാദരവിൽ നന്ദി അറിയിക്കുകയും ചെയ്തു.
തുടർന്ന് ബെസ്റ്റ് വേ നാഷണൽ പ്രസിഡൻ്റ് അംഗത്വ കാർഡ് വിതരണം നടത്തി. പുതുവർഷ കലണ്ടർ പ്രകാശനം അഡ്വ: ഷെമീർ കുന്നമംഗലം നിർവഹിച്ചു. പരിപാടിയിൽ ബിഷ ഏരിയാ പ്രസിഡൻ്റ് ഈശോ കുരിയൻ പള്ളിപീടികയിൽ, നാസർ കലബൻ എന്നിവർ സംസാരിച്ചു.