ദോഹ: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ഇന്ന് രാവിലെയാണ് ആറ് ആംബുലന്‍സുകള്‍ അടക്കമുള്ള സഹായം ഫലസ്തീനിലെത്തിയത്.
ആംബുലന്‍സിനു പുറമെ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ഉൾപ്പെടെ 24 ടൺ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഖത്തർ അമീരി വ്യോമസേനാ വിമാനമെത്തിയത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ആരോഗ്യ മന്ത്രാലയും ഖത്തർ റെഡ് ക്രസന്റും നല്‍കിയ വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്.
38 വിമാനങ്ങളിലായി 1,243 ടൺ വസ്തുക്കളാണ് രണ്ടു മാസത്തിനിടെ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചത്. ഗസ്സയിലെ ആരോഗ്യസേവനങ്ങൾക്കായി ആറ് ആംബുലൻസുകള്‍ ഇന്നത്തെ വിമാനത്തിലുണ്ട്. നേരത്തെ ആറ് ആംബുലന്‍സുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഗസ്സയ്ക്ക് നല്‍കിയിരുന്നു. ഇസ്രായേലിന്റെ നിഷ്ഠൂരമായ ആക്രമണത്തിൽ വിറങ്ങലിച്ച ഗസ്സയെ ചേർത്തുപിടിക്കുന്ന സമീപനത്തിന്‍റെ തുടർച്ചയായാണ് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത്