റിയാദ്: പതിവ് പരിശീലനത്തിനിടെ സൗദിയിൽ സൈനിക വിമാനം തകർന്ന് വീണ് രണ്ടു മരണം. കിഴക്കൻ സൗദിയിലെ വ്യോമസേനയ്ക്കു കീഴിലെ എഫ്-15എസ്.എ ഇനത്തിൽപ്പെട്ട പോർവിമാണ് തകർന്ന് വീണത്. ദഹ്റാനിൽ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിലാണ് സംഭവം.
പതിവ് പരിശീലനത്തിനിടെയാണ് സംഭവമെന്നും രണ്ടു സൈനികർ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴം ഉച്ചയ്ക്ക് 12.50 ന് ആണ് വിമാനം തകർന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽമാലികി അറിയിച്ചു. അപകടത്തെ കുറിച്ചറിയാൻ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ ജൂലൈയിലും യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചിരുന്നു.