തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് കാനം രാജേന്ദ്രന്‍റെ മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തിൽ പ്രവർത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അർപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കാനം രാജേന്ദ്രന് അന്ത്യോപചാരം അർപ്പിക്കാനെത്തി. പൊതുദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ ഡി രാജയെ എ കെ ആന്റണി ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
സിപിഐ ഓഫീസായ പട്ടത്തെ പിഎസ് സ്മാരത്തിൽ രണ്ട് മണി വരെ കാനത്തിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ പട്ടത്തെ ഓഫീസിലേയ്ക്ക് എത്തുകയാണ്. രണ്ട് മണിക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരളസദസിനിടെ ആശുപത്രിയിലെത്തി ഇന്നലെ തന്നെ കാനം രാജേന്ദ്രന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
കാനത്തിന്റെ മരണത്തെ തുടർന്ന് നവകേരള സദസിന്റെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കേണ്ടിയിരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും. കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് നവകേരള സദസ് നടക്കുക.