കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഓടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) അവതരിപ്പിക്കുന്നത് പരിഗണിക്കുന്നു. പുതിയ വീസ സൗകര്യം ഡോക്ടർമാർ, യൂണിവേഴ്സിറ്റി, പ്രഫസർമാർ, കൗൺസിലർമാർ എന്നിവർക്ക് മാത്രം നൽകുന്നതിനാണ് ആലോചനകൾ നടക്കുന്നത്.
വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം നിർണ്ണയിക്കുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കുവൈത്തിലേക്ക് കുടുംബത്തെ കൊണ്ടുവരാൻ അനുവാദം ലഭിക്കുന്ന പ്രവാസി വിഭാഗങ്ങൾക്കായി വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാൻ ഒരു കമ്മിറ്റി മന്ത്രാലയം രൂപീകരിക്കുമെന്നാണ് സൂചന. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിലും മേൽനോട്ടത്തിലുമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനം.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഏകീകൃത ഗൾഫ് വീസ സംവിധാനത്തിൽ വീസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യം വിടുന്നതിൽ പരാജയപ്പെടുന്ന ഏതൊരു സന്ദർശകനും പ്രതിദിനം 100 KD (ദിർഹം1,192) പിഴ ചുമത്താനും ആലോചനയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് പ്രത്യേക വ്യവസ്ഥകളിൽ ഫാമിലി വീസ ലഭിക്കാൻ അനുവദിക്കുന്ന നയം ഓഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ കുവൈത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ അഭ്യർത്ഥന ഷെയ്ഖ് തലാൽ അംഗീകരിച്ചിരുന്നു.