ദുബൈ: കോപ് 28 ഉച്ചകോടിക്ക് ചൊവ്വാഴ്ച ദുബൈയിൽ പരിസമാപ്തിയാകും. ആഗോളതാപനത്തിൻറെ കെടുതികളെ നേരിടുന്നതിന് യോജിച്ച നടപടികൾ സ്വീകരിക്കുന്ന ചർച്ച ത്വരിതഗതിയിലാക്കാൻ പ്രത്യേകയോഗം ചേർന്നു. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് ഇനിയും സമവായത്തിൽ എത്താനായില്ല. കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള ചർച്ചവേഗത്തിലാക്കണമെന്ന് കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബിർ നിർദേശിച്ചു.
ഞായറാഴ്ചകോപ് വേദിയിൽ അറബ് പരമ്പരാഗത ശൈലിയിൽ വിളിച്ചു ചേർത്ത മജ്‌ലിസിൽ വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളോടാണ് അധ്യക്ഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും എന്നാൽ വേണ്ടത്ര വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടി വേദിയിലെ മറ്റു ചർച്ചകൾ പോലെ മാധ്യമങ്ങൾക്കും പ്രതിനിധികൾക്കും പ്രവേശനം നൽകാതെയാണ് മജ്‌ലിസ് നടന്നത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത് തീരുമാനം കൈക്കൊള്ളാൻ രാജ്യങ്ങൾ സന്നദ്ധമാകണമെന്ന് അൽ ജാബിർ യോഗത്തിൽ ആവശ്യപ്പെട്ടു.