കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് അരുൺ രാജേന്ദ്രനും എംജെ യദു കൃഷ്ണനും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ലെന്ന് യദു കൃഷ്ണൻ പറഞ്ഞു. ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണെന്നും യദു ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യ രീതിയിൽ സമരം നടത്തിയ കെഎസ്‌യു പ്രവർത്തകരെ സിപിഎമ്മിന്റെ ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, അതിനെതിരെ ചെറുത്തുനിൽപ്പ് തീർക്കാനും, പ്രതിഷേധം കടുപ്പിക്കുകയും തന്നെയാണ് വേണ്ടതെന്ന് അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് ഇടപെടലിനെ തുടർവന്ന് കെഎസ്‌യു നിലപാട് തിരുത്തിയിരുന്നു. ഷൂ ഏറ് സമരത്തിനില്ലെന്നും ഷൂ ഏറ് സമരം പാർട്ടിയുടെ അറിവോടെയല്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു. അതേസമയം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.