പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി ബിജെപി. ഗവർണറെ ആക്രമിക്കാൻ പ്രേരണ നൽകിയെന്ന് ആരോപണം. കലാപാഹ്വാനം നടത്തിയ റിയാസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്.
ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. നാലാം കിട ഡിവൈഎഫ്ഐ നേതാവിൻ്റെ സ്വരത്തിൽ ഒരു മന്ത്രി സംസാരിക്കരുത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായിൽ നിന്ന് വീഴാൻ പാടില്ലാത്ത വാക്കുകളാണ് റിയാസ് നടത്തിയതെന്നും ബിജെപി.