തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത്. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ശബരിമലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം. ഡിജിപി അടക്കം പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് അസോസിയേഷൻ നേതാക്കളാണ്. പൊലീസിനെ മാർക്സിസ്റ്റ് വല്‍ക്കരിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
തനിക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് പറഞ്ഞു. തനിക്കെതിരെ അക്രമം നടക്കുന്നത് അഞ്ചാം തവണയാണെന്നും അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിച്ചിരുന്നു.
എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ എഫ്ഐആറിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഗവർണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 143,147,149,283,353 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി, കറുത്ത തുണി ഉയർത്തിക്കാട്ടി, വാഹനഗതാഗതം തടസപ്പെടുത്തി എന്നീ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.