തിരുവനന്തപുരം∙ സപ്ലൈകോയ്ക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ 18 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു എംഡിക്കു കത്തു നൽകി. അരി, പയർവർഗങ്ങൾ, മല്ലി, മുളക്, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യുന്ന കരാറുകാർക്ക് 800 കോടി രൂപയാണു സപ്ലൈകോ നൽകാനുള്ളത്. ഈ പണം 17നകം നൽകിയില്ലെങ്കിൽ 18 മുതൽ സമരം നടത്തുമെന്നാണു ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്പൈസസ് സപ്ലയഴേസ് അസോസിയേഷൻ കത്തിൽ പറഞ്ഞിരിക്കുന്നത്.
ഇതോടെ സ്പ്ലൈകോ വഴിയുള്ള അവശ്യസാധന വിതരണവും നിലയ്ക്കും. കഴിഞ്ഞ 7,8 തീയതികളിൽ സപ്ലൈകോ വിളിച്ച ടെൻഡറിൽ സംഘടനയിൽ ഉൾപ്പെട്ട ആരും പങ്കെടുത്തില്ല. പങ്കെടുത്ത 4 പേരാകട്ടെ പൊതുവിപണിയെക്കാൾ ഉയർന്ന നിരക്കാണു രേഖപ്പെടുത്തിയത്.
ബാങ്കിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്താണു പല കരാറുകാരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു സാധനങ്ങൾ എത്തിച്ചത്. വിതരണം ചെയ്തവയുടെ ബില്ലുകൾ മാറി നൽകാതെ വന്നതോടെ പലരും ഇവർക്കു പണം നൽകുന്നതു നിർത്തി. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ കരാറുകാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്.