തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (മൂന്ന്) തള്ളി. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യാർഥികൾ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവർണറെ തടഞ്ഞുവച്ചിട്ടില്ലെന്നുമായിരുന്നു പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആർ.ജി.ആഷിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 149, 283, 353 വകുപ്പുകൾ പ്രകാരമാണ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഗവർണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവർണർക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാൽ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. 7 വർഷം വരെ ശിക്ഷയും പിഴയും ലഭിക്കും.
നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐപിസി 143 അനുസരിച്ച് ആറുമാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐപിസി 147 അനുസരിച്ച് 2 വർഷം വരെ തടവും പിഴയും ലഭിക്കാം. സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐപിസി 353 അനുസരിച്ച് രണ്ടു വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാം. ജാമ്യമില്ലാത്ത വകുപ്പാണിത്.