ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ 40–ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഈ മാസം 20ന് 25% നിരക്കിളവ് പ്രഖ്യാപിച്ചു. ഈ ദിവസം വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന എല്ലാവർക്കും കിഴിവ് സ്വന്തമാക്കാം. യാത്ര പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപെങ്കിലും ഓൺലൈനായി ഷോപ്പിങ് നടത്തുകയും ദുബായ് ഡ്യൂട്ടി ഫ്രീയിലെ നിയുക്ത കളക്ഷൻ പോയിന്‍റുകളിൽ നിന്ന് സാധനങ്ങൾ എടുക്കുകയും ചെയ്യുക.
ദുബായ് രാജ്യാന്തര വിമാനത്താവളങ്ങൾ, അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ ഈ ആനുകൂല്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ലോകത്തെ പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിലക്കിഴിവിൽ സ്വന്തമാക്കാനാകും. ബ്യൂട്ടി, ഫാഷൻ, വാച്ചുകൾ, ടെക്നോളജി ഉത്പന്നങ്ങൾ, ജ്വല്ലറി, ലിക്വർ, ഭക്ഷണം, ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട സാധനങ്ങൾ എന്നിവയെല്ലാം ദുബായ് ഡ്യൂട്ടി ഫ്രീയിൽ ലഭ്യമാണ്. വർഷങ്ങളായി ദുബായ് ഡ്യൂട്ടി ഫ്രീയിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇത്തരം വിലക്കിഴിവുകൾ നൽകാറുണ്ട്. പലരും ഇതേ ദിവസം യാത്ര ആസൂത്രണം ചെയ്ത് വാച്ചുകൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളടക്കം വില കൂടിയ സാധനങ്ങൾ സ്വന്തമാക്കുന്നു.