കൊല്ലം∙ മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതി നക്ഷത്രയുടെ പിതാവ് ശ്രീമഹേഷ് ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽനിന്ന് ചാടി മരിച്ചു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്.മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു.
സംഭവം നടന്നതിന്റെ 78–ാം ദിവസം മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതി (1) മുൻപാകെ പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത് കുറ്റപത്രം സമർപ്പിച്ചിരുന്നു. ശ്രീമഹേഷ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം വർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനർവിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. മകൾ ഉള്ളതിനാലാണു പുനർവിവാഹം നടക്കാത്തതെന്ന വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു വനിതാ സിവിൽ പൊലീസ് ഓഫിസറുമായി ശ്രീമഹേഷിന്റെ വിവാഹം ഉറപ്പിച്ചെങ്കിലും മഹേഷിന്റെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടെന്നറിഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറുകയായിരുന്നു. ഇതിന്റെ വിരോധത്തിൽ മകളെ കൊലപ്പെടുത്തിയ ശേഷം വിവാഹം ആലോചിച്ച പെൺകുട്ടിയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി വീടിനു സമീപത്തുള്ള ഒരാളെക്കൊണ്ട് മഴു നിർമിച്ചതായും കുറ്റപത്രത്തിലുണ്ട്.