കണ്ണൂര്‍: കണ്ണൂരിലും എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കൈയ്യാങ്കളി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി സമരം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കണ്ണൂരിലെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ കൈയ്യാങ്കളിയുണ്ടായത്. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്തു.
മലപ്പുറത്ത് എസ്എഫ്ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവേശിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ജില്ലക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിരുന്നു. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്ഐ പൊലീസിനെ നേരിട്ടത്.
ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷമുണ്ടായി. വൈകുന്നേരം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത എല്ലാവരെയും പിന്നീട് വിട്ടയച്ചു.
എസ്എഫ്‌ഐക്കാര്‍ മുഖ്യമന്ത്രിയുടെ വാടകഗുണ്ടകളാണെന്നാണ് സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി സ്‌പോണ്‍സര്‍ ചെയ്ത അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ പ്രതിഷേധം എവിടെയാണെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. താന്‍ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ല. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാന്‍ പിടിക്കുകയാണ്. എസ്എഫ്‌ഐക്കാര്‍ വിചാരിച്ചത് താന്‍ കാറില്‍ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. അങ്ങനെ അന്ന് ഇറങ്ങിയതോടെ കളിമാറി. എസ്എഫ്‌ഐക്കാര്‍ പേടിച്ചോടിയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.