ആലപ്പുഴ: ആറന്മുള നവകേരള സദസ്സിന്റെ വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം. കറുത്ത ബലൂൺ പറത്തിയും കരിങ്കൊടി കാണിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തിയപ്പോൾ ചിലർ കറുത്ത ബലൂൺ ആകാശത്തേക്കു ഉയർത്തി പ്രതിഷേധിച്ചിരുന്നു. ആ രീതിയ്ക്ക് സമാനമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും ചെയ്തത്.
അതേസമയം ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. മർദ്ദിച്ച ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകര്‍ക്ക് നേരെ വീണ്ടും പൊലീസ് ലാത്തി വീശി. പിണറായിയെ ചെരുപ്പ് മാല അണിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞു. അതിശക്തസമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.