Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന്

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന്

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.

ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്. അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കോവിഡ് ആക്ടിവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെ.എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ 1523
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരായുള്ളത് 1523 പേർ. തൊട്ടു മുൻ ദിവസത്തെ അപേക്ഷിച്ച് 199 കേസുകളാണ് ഞായറാഴ്ച വർധിച്ചത്. നാലു മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്താകെ 1701കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണ്. ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഉയർന്നുതുടങ്ങിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments