കണ്ണൂർ: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കോടതി വിധി അനുസരിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയാണ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. സർവകലാശാല ഒരു സ്വയംഭരണ സ്ഥാപനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ വിദ്യാർഥികൾ ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല. അതേസമയം, അച്ചടക്ക നടപടിക്ക് കാരണമായ സമരം അപരിഷ്കൃതമാണെന്ന മുൻ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
കാലടി സർവകലാശാലയിൽ സസ്‌പെന്‍ഷനിലായ വിദ്യാർഥികൾക്ക് അനുകൂലമായ വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഇന്ന് ഉണ്ടായിരിക്കുന്നത്. പ്രത്യേകം പരീക്ഷ നടത്തണമെന്നും വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നുമാണ് കോടതിയുടെ നിർദേശം. ഇതോടെ സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിധിക്ക് പിന്നാലെ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചിട്ടുണ്ട്.
സര്‍വകലാശാലയെ കുടഞ്ഞ ഹൈക്കോടതി, രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കാന്‍ സര്‍വകലാശാല നീക്കം നടത്തിയെന്നും ഹാജര്‍ കുറവെന്ന വാദം ഉന്നയിച്ച് പരീക്ഷ നിഷേധിക്കാന്‍ ശ്രമിച്ചെന്നും വിദ്യാര്‍ഥി പ്രതിഷേധങ്ങളോട് സര്‍വകലാശാലയ്ക്ക് അസഹിഷ്ണുതയാണെന്നും കോടതി വിമർശിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.