ഹൈദരാബാദ്: മുതിർന്ന നേതാവും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയാ ഗാന്ധി തെലങ്കാനയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രമേയം പാസാക്കി. പാർട്ടി നേതാക്കൾ ഏകകണ്ഠമായാണ് ഇന്ന് പ്രമേയം പാസാക്കിയത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മേഡക് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചിരുന്നു. 1980ലാണ് ഇന്ദിരാ ഗാന്ധി മേഡകിൽനിന്ന് പാർലമെന്റിലെത്തിയത്. ഇത്തവണ തെലങ്കാനയിൽനിന്ന് മത്സരിക്കാനുള്ള തങ്ങളുടെ അഭ്യർഥന സോണിയാ ഗാന്ധിയെ അറിയിക്കണമെന്ന് കോൺഗ്രസ് നേതാവായ മുഹമ്മദ് ഷബ്ബിർ അലി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടു.
നിലവിൽ റായ്ബറേലിൽനിന്നുള്ള പാർലമെന്റ് അംഗമാണ് സോണിയ. 1999ലാണ് സോണിയ ആദ്യമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് അമേത്തി, ബെല്ലാരി മണ്ഡലങ്ങളിൽ മത്സരിച്ച സോണിയ രണ്ടിടത്തും വിജയിച്ചിരുന്നു. 2004 ലാണ് അവർ റായ്ബറേലിയിലേക്ക് മാറിയത്. തുടർന്ന് 2006, 2009, 2014, 2019 വർഷങ്ങളിലും തുടർച്ചയായി റായ്ബറേലിയിൽനിന്ന് വിജയിച്ചു.