പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാര്‍ത്ഥികളുമായ പെൺകുട്ടികളെ ഇന്നലെയാണ് കാണാതായത്. ബാലാശ്രമത്തിൽ നിന്ന് രാവിലെ പതിവ് പോലെ സ്കൂളിലേക്ക് പോയ കുട്ടികൾ സ്കൂളിലെത്തിയിരുന്നില്ല. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണിവര്‍. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാനത്താകെ കുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരത്ത് കുട്ടികളെ കണ്ടെത്തിയത്. ഇവരെ രാവിലെ ഫോര്‍ട്ട് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
കരുവന്നൂരിൽ നിന്ന് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ ഇന്നലെ കാണാതായിരുന്നു. ഇവരെ പിന്നീട് കയ്പ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെത്തി. വീട്ടിൽ നിന്നിറങ്ങി വഴിതെറ്റി പോയതെന്ന് വിദ്യാർഥികൾ പറഞ്ഞു. തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമിൽ, ആദിദേവ് എന്നിവരെയാണ് കാണാതായത്. കരുവന്നൂർ സെന്റ് ജോസഫ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്. സ്കൂൾ വിട്ട് വന്ന ഇവർ സൈക്കിളുമായി പുറത്തേക്ക് പോവുകയായിരുന്നു.