മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തുടങ്ങി. വെനസ്വേലക്കുമേലുള്ള ഉപരോധം നീക്കാനുള്ള യുഎസ് തീരുമാനത്തെ തുടർന്നാണിത്. ഉപരോധം പിൻവലിച്ചതിന് പിന്നാലെ വെനസ്വേലൻ എണ്ണ ഇന്ത്യയിലെ എണ്ണ കമ്പനികൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സൗദി അറേബ്യയും റഷ്യയും ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പാദന രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ച് വില കൂട്ടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ, വെനസ്വേല ഉൾപ്പെടെയുള്ള ഉപരോധത്തിന് വിധേയമല്ലാത്ത ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. 2020ലാണ് ഇന്ത്യ അവസാനമായി വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), എച്ച്‌പിസിഎൽ-മിത്തൽ എനർജി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾ ആണ് വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത്.
അതേസമയം, വെനസ്വേലയിൽ നിന്ന് രാജ്യത്തേക്ക് എത്ര എണ്ണയാണ് ഇറക്കുമതി ചെയ്യുകയെന്നത് വ്യക്തമായിട്ടില്ല. ഉപരോധത്തിന് മുമ്പ് വെനസ്വേലയിൽ നിന്ന് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ വിജയിച്ചത് അട്ടിമറിയിലൂടെയാണെന്ന് ആരോപിച്ചാണ് 2019-ൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനസ്വേലയിലാണെങ്കിലും ഉപരോധം മൂലം എണ്ണ ഖനന സൗകര്യങ്ങൾ വലിയ പ്രതിസന്ധിയിലാണ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും മോശമാണ്.നിലവിൽ യുഎസ് ആറ് മാസത്തേക്ക് ആണ് ഉപരോധം നീക്കിയിട്ടുള്ളത്. 2024 ലെ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രം നൽകിയിരുന്ന റഷ്യ, നിലവിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ മറികടന്ന് ഏറ്റവും വലിയ വിതരണക്കാരായി മാറി . നവംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 33 ശതമാനമായിരുന്നു. റഷ്യയുടെ എണ്ണയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം കാരണം, ഏഷ്യൻ രാജ്യങ്ങളിലേക്ക് ഡിസ്കൗണ്ട് വിലയ്ക്കാണ് റഷ്യ എണ്ണ കയറ്റി അയക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുതിച്ചുയരുന്നതിനിടെ റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയ്ക്കുള്ള എണ്ണ ഇന്ത്യക്ക് പ്രയോജനം ചെയ്തു. അതേ സമയം, ഒക്ടോബറിൽ റഷ്യയിൽ നിന്ന് ബാരലിന് 84.2 ഡോളറിനാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തത്. ഇത് താരതമ്യേന ഉയർന്ന വിലയായതിനാൽ ആണ് ഇന്ത്യ മറ്റ് വഴി തേടുന്നത്.