ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് വിലയിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെയുള്ളത് ബിജെപിയുടെ പ്രചാരണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനമെന്നതാണ് ശ്രദ്ധേയം.
പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നാടകമാണ് സർക്കാർ-ഗവർണർ പോരെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് കൂട്ടുരും നടത്തുന്ന നാടകം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സാഹചര്യമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ഗവർണർക്കും രാഷ്ട്രീയ ലക്ഷ്യം. ഗവർണറുടെ അമിത അധികാരത്തിൽ സർക്കാരിനെ നിയമസഭയിൽ യുഡിഎഫ് പിന്തുണച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
നവകേരള സദസിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടി നവകേരള സദസ്സിലെ പ്രതിഷേധങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളോട് ഗാന്ധിയൻ രീതിയിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കല്ലെടുത്തെറിഞ്ഞ് പ്രതിഷേധിക്കേണ്ടതുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.