ന്യൂഡൽഹി: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി.
ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് മമത നിർദേശം മുന്നോട്ടുവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഖാർഗയെ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായശേഷം ഇതാദ്യമായാണ് സഖ്യത്തിന്റെ യോഗം ചേരുന്നത്. പ്രതിപക്ഷ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നാണ് മമത നേരത്തെ പറഞ്ഞിരുന്നത്.