ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തുടരുന്നതിനിടെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് നെതന്യാഹുവുമായി പങ്കുവെച്ചുവെന്നും മോദി പറഞ്ഞു.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ ഗതാഗതത്തിലുണ്ടായ പ്രതിസന്ധിയും ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രനേതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്.
അതേസമയം, ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇതുവരെ 19,600 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. പാശ്ചാത്യ ലോകത്ത് നിന്നടക്കം വെടിനിർത്തൽ വേണമെന്ന ആവശ്യം ഉയരുമ്പോഴും ഈ ആവശ്യങ്ങളോട് വഴങ്ങാൻ ഇസ്രായേൽ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല.