തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം. സംഘപരിവാർ അനുകൂല പ്രസ്താവന ആയുധമാക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. സുധാകരന്റെ തുടർച്ചയായ വിവാദ പ്രസ്താവനകൾ തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ഗവർണറെ ന്യായീകരിച്ച് സംഘപരിവാർ അനുകൂല പ്രസ്താവന നടത്തിയ കെ സുധാകരനെതിരെ പാർട്ടിയിൽ കടുത്ത അമർഷം പുകയുന്നുണ്ട്. സുധാകരന്റെ തുടർച്ചയായ വിവാദ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു എന്നാണ് വിമർശനം. സുധാകരനെ നിയന്ത്രിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. അനാവശ്യമായ പ്രസ്താവനകൾ പ്രവർത്തകരുടെ വീര്യം കെടുത്തുന്നതായി മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സുധാകരൻ പ്രസ്താവന തിരുത്തിയതോടെ വിവാദം അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
സുധാകരന്റെ പ്രസ്താവന എൽഡിഎഫ് ആയുധമാക്കിയതോടെ പ്രതിരോധത്തിലാണ് കോൺഗ്രസ്. സുധാകരന്റെ മുൻ പ്രസ്താവനകളും ചേർത്തുവച്ചാണ് സിപിഐഎം പുതിയ പ്രസ്താവനയെ ആയുധമാക്കുന്നത്. അതേസമയം ഈ മാസം 21ന് ചികിത്സയ്ക്കായി സുധാകരൻ അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന. അതിനിടയിൽ ജനുവരി 21ന് തുടങ്ങുന്ന സംസ്ഥാന ജാഥ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് നയിക്കുക.