ബംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാം. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യങ്ങളാണ്. നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ പറഞ്ഞു.
2022ൽ ഭരണത്തിലുണ്ടായിരുന്ന ബിജെപിയാണ് കർണാടകയിൽ ഹിജാബ് നിരോധനം കൊണ്ടുവന്നത്. ‘ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഹിജാബ് നിരോധനം പിൻവലിക്കാൻ ഞാൻ നിർദ്ദേശം നൽകി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും പുരോഗമനം ലക്ഷ്യം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണ്. ബിജെപി വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെയും സമൂഹത്തെയും ഭിന്നിപ്പിക്കുകയാണ്’. സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
2022 ഫെബ്രുവരിയിൽ ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിൽ ക്ലാസ്മുറിയിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. പിന്നാലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതു പിന്തുടർന്നു. ഇതിനെത്തുടർന്ന് അന്നത്തെ ബസവരാജ് ബൊമ്മൈ സർക്കാർ കാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു. പൊതുനിയമത്തിനും തുല്യതയ്ക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു വസ്ത്രവും അനുവദിക്കാനാവില്ലെന്നാണ് അന്ന് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പറഞ്ഞത്. ഉത്തരവ് വിവാദമാകുകയും സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.