ന്യൂഡല്‍ഹി: യു എ ഇയില്‍ നിന്നും നിക്കരാഗ്വയിലേക്ക് പറന്ന വിമാനം ഫ്രാന്‍സ് നിലത്തിറക്കാന്‍ നിര്‍ദ്ദേശിച്ചു. മുന്നൂറിലേറെ ഇന്ത്യന്‍ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മനുഷ്യക്കടത്ത് ആരോപിച്ചാണ് വിമാനം നിലത്തിറക്കാന്‍ ആവശ്യപ്പെട്ടത്.
വിമാനം തടഞ്ഞുവെച്ചതായി പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചു. അജ്ഞാത വിവരത്തെ തുടര്‍ന്നാണ് നീക്കം.
പാരീസില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ബജറ്റ് വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന വാട്രി വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയപ്പോഴാണ് തടയലുണ്ടായത്. എ 340 വിമാനം റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റേതാണെന്ന്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്.
സംഭവത്തില്‍ ഫ്രാന്‍സിന്റെ ദേശീയ ആന്റി-ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റ് ജുനാല്‍കോയാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാര്‍ മധ്യ അമേരിക്ക വഴി അനധികൃതമായി യു എസിലേക്കോ കാനഡയിലേക്കോ പ്രവേശിക്കാന്‍ ശ്രമിക്കുന്ന മനുഷ്യക്കടത്തിന്റെ ഇരകളായിരിക്കാമെന്നാണ് കരുതുന്നത്.
കേസിന്റെ വിവിധ വശങ്ങള്‍ ഫ്രഞ്ച് അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വട്രി എയര്‍പോര്‍ട്ടിലെ റിസപ്ഷന്‍ ഹാള്‍ താത്ക്കാലിക വിശ്രമ കേന്ദ്രമായി മാറ്റിയിട്ടുണ്ട്.