ന്യൂയോർക്ക് : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു അയോഗ്യത കല്പിച്ച കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അധികാരത്തിലിരിക്കെ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഫെഡറൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കഴിയുമോ എന്ന വിഷയം സുപ്രീം കോടതി ഇപ്പോൾ തീരുമാനിക്കേണ്ടതില്ല എന്നു ട്രംപ് അപേക്ഷയിൽ പറയുന്നത് കേസുകൾ വൈകിക്കാനുള്ള അടവാണെന്നു നിരീക്ഷകർ കരുതുന്നു. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ നിയമ നടപടികൾ നീട്ടിക്കിട്ടണം എന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നതു രഹസ്യമല്ലെന്നു സി എൻ എൻ ചൂണ്ടിക്കാട്ടുന്നു. കൊളറാഡോ കോടതി വിധിയനുസരിച്ചു അദ്ദേഹത്തിന്റെ പേര് 2024 ബാലറ്റിൽ ഉൾപെടുത്താൻ പാടില്ല.
യുഎസ് സുപ്രീം കോടതി തീരുമാനം നീട്ടി വച്ചാൽ ജനുവരി 23നു നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറി ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാമെന്നു ട്രംപ് കണക്കു കൂട്ടുന്നു. 2020 തിരഞ്ഞെടുപ്പ് തോറ്റ ട്രംപ് ഭരണഘടനാ അട്ടിമറി നടത്തി പിടിച്ചു നില്ക്കാൻ നോക്കി എന്ന കേസിൽ അദ്ദേഹത്തിനു നിയമസുരക്ഷ ലഭിക്കുമോ എന്ന തീരുമാനം വേഗത്തിൽ നൽകാൻ യുഎസ് സുപ്രീം കോടതിയോട് സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒഴിവാക്കേണ്ട കാര്യമില്ലെന്നു യുഎസ് സുപ്രീം കോടതി തീരുമാനിച്ചാൽ കേസുകൾ മുന്നോട്ടു നീങ്ങും. അതു തടയാനാണ് ട്രംപിന്റെ നീക്കം. മാർച്ചിൽ വിചാരണ ആരംഭിക്കേണ്ട കേസ് വരെ സുപ്രീം കോടതി തീരുമാനം കാത്തു നിൽപ്പാണ്. കോടതി ട്രംപിന്റെ അപേക്ഷ സ്വീകരിച്ചാൽ ആ തീരുമാനം നീണ്ടു പോകും.
ബുധനാഴ്ച കൊളറാഡോ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായം പറഞ്ഞില്ല. എന്നാൽ ട്രംപ് തീർച്ചയായും കലാപം സംഘടിപ്പിച്ചു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം 2024 തിരഞ്ഞെടുപ്പിൽ സജീവമാക്കാൻ ബൈഡനും ഡെമോക്രാറ്റുകളും ശ്രമിക്കുമ്പോൾ അതിനു തടയിടാനാണ് സുപ്രീം കോടതി തീരുമാനം വൈകിക്കാൻ ട്രംപ് ശ്രമിക്കുന്നത്. മറ്റു വിഷയങ്ങൾ നിർത്താനാവും ശ്രമം.