ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനായി കഴിഞ്ഞ ഏകദേശം 8 വര്‍ഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ ചുമതലാ ശുശ്രുഷയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന് സൗത്ത് വെസ്റ്റ് റീജിയണിലെ സെന്റർ – എ യിൽപ്പെട്ട ഡാളസിലെ എല്ലാ ഇടവകകളും, ഒക്ലഹോമാ ഇടവകയും കൂടി ചേർന്ന് സമുചിതമായ യാത്രയയപ്പ് നല്‍കുന്നു.
യാത്രയയപ്പ് സമ്മേളനം ഡിസംബര്‍ 25 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ഡാളസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
ഇന്ന് വൈകിട്ട് ഡാളസിൽ എത്തിച്ചേരുന്ന ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഡിസംബർ 24 ഞായറാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിലും, 25 തിങ്കളാഴ്ച രാവിലെ 8.30 ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് കരോൾട്ടൺ ദേവാലയത്തിലും നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
23 ശനിയാഴ്ച വൈകിട്ട് ഡാളസിലെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മാ ദേവാലയത്തിലും, 24 ഞായറാഴ്ച വൈകിട്ട് ഡാളസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിലും നടത്തപ്പെടുന്ന ക്രിസ്തുമസ് കരോൾ സർവ്വിസിലും പങ്കെടുത്ത് മുഖ്യ സന്ദേശം നൽകും.
ഡിസംബർ 25 ന് വൈകിട്ട് 4 മണിക്ക് ഡാളസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനർ റവ. ജോബി ജോൺ അറിയിച്ചു.