ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഗൂഗിൾ എന്നാണ് റിപ്പോർട്ടുകൾ
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വരുന്നതോടെ പല മേഖലകളിലും തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഈ ആശങ്ക ഗൂഗിളിൽ വരെ എത്തിനിൽക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ എഐയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഗൂഗിൾ എന്നാണ് റിപ്പോർട്ടുകൾ. പരസ്യ വിൽപ്പന യൂണിറ്റിനുള്ളിലാണ് 30,000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഗൂഗിൾ ആലോചിക്കുന്നത്. 2023-ൽ 12,000ത്തിലധികം ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വീണ്ടും വെട്ടിക്കുറക്കലിന് ഒരുങ്ങുന്നത്.
വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള പരസ്യ വാങ്ങലുകൾ കാര്യക്ഷമമാക്കുന്നതിന് മെഷീൻ ലേണിംഗ് ടെക്‌നിക്കുകൾ ഗൂഗിൾ വ്യാപകമായി ഉപയോഗിച്ചുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. പുതിയ പരസ്യങ്ങൾ ഓട്ടോമാറ്റിക്കായി നിർമിക്കുന്നതിനായുള്ള എഐ ടൂളുകൾ വർഷങ്ങളായി ഗൂഗിൾ ഉപയോഗിച്ചുവരുന്നു. വളരെ കുറച്ച് ആളുകളെ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.
എഐ ടൂളുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഗൂഗിളിന്റെ പരസ്യ വാർഷിക വരുമാനത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ദശലക്ഷക്കണക്കിന് ഡോളർ കമ്പനി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ ഉപകരണങ്ങളുടെ കാര്യക്ഷമതയും കുറഞ്ഞ ജീവനക്കാരുടെ പങ്കാളിത്തവും ഉയർന്ന ലാഭമാണ് കമ്പനിക്ക് നൽകുന്നത്.