ന്യൂഡൽഹി: ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുസ്തി ഫെഡറേഷനെ കേന്ദ്ര കായികമന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. ഗുസ്തിതാരങ്ങളുടെ പ്രതിേഷധം ശക്തമാകുന്നതിനിടെയാണ് നടപടി. കുറ്റാരോപിതരായ പഴയ ഭാരവാഹികളുടെ പൂര്‍ണ നിയന്ത്രണത്തിലാണ് പുതിയ സമിതിയെന്ന് കായിക മന്ത്രാലയം ചൂണ്ടിക്കാട്ടി. പഴയ ഭാരവാഹികള്‍ക്കെതിരായ താരങ്ങളുടെ ലൈംഗിക പീഡന പരാതി കോടതിയുടെ പരിഗണനയിലിരിക്കെ ഇവരുടെ കൈകളിലേക്ക് തന്നെ ഭരണമെത്തുന്നത് കായിക ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അധികാരമേറ്റതിന് പിന്നാലെ ജൂനിയര്‍ നാഷണല്‍ മല്‍സരങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന ഭരണസമിതിയുടെ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
നാഷണല്‍സ് നടത്തുന്നതിനുള്ള തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റി കൈക്കൊള്ളുന്നതിന് മുന്‍പ് ചില നടപടി ക്രമങ്ങളുണ്ടെന്നും ഇതൊന്നും പാലിച്ചില്ലെന്നും 15 ദിവസം മുന്‍പെങ്കിലും പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നും സമിതി യോഗം ചേരുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം പറയുന്നു. എക്സിക്യുട്ടിവ് കമ്മിറ്റി ചേരുന്നതിനായി 15 ദിവസം മുന്‍പെങ്കിലും നോട്ടിസ് നല്‍കണമെന്നും അതില്‍ മൂന്നിലൊന്ന് അംഗങ്ങളെങ്കിലും പങ്കെടുത്തിരിക്കണമെന്നുമാണ് ചട്ടം. അടിയന്തര എക്സിക്യുട്ടീവാണെങ്കില്‍ ഒരാഴ്ച മുന്‍പെങ്കിലും അറിയിക്കുകയും നിശ്ചിത എണ്ണം അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാവുകയും വേണം.