മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളം ഭരിക്കുന്നത് സൈക്കോപാത്തായ മുഖ്യമന്ത്രി. പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്നും വിമർശനം. സംസ്ഥാനത്ത് രണ്ട് ഡിജിപിമാർ. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ആക്ടിംഗ് ഡിജിപി ആണെന്നും കെ സുധാകരൻ. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന പൊലീസിനെതിരെയും കെ സുധാകരൻ ആഞ്ഞടിച്ചത്. കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ് ഡിജിപി ഓഫീസിനു മുന്നിൽ ഉണ്ടായത്. കേരളത്തിലെ കോൺഗ്രസ് ഒന്നടങ്കം വാഷ് ഔട്ട് ആകുമായിരുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കറുത്ത കൊടി ഉയർത്തി കാണിച്ചാൽ ഇത്രയധികം ചെയ്യേണ്ടതുണ്ടോ? എന്തിനാണ് മുഖ്യമന്ത്രി ഇത്ര ഭയപ്പെടുന്നതെന്നും കെ സുധാകരൻ ചോദിച്ചു.
നവകേരള സദസ്സിലൂടെ മുഖ്യമന്ത്രി ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത് നാക്കുപ്പിഴയുന്ന ആദ്യം തെറ്റിദ്ധരിച്ചു. എന്നാൽ അത് അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. ജീവൻ രക്ഷിക്കേണ്ട മുഖ്യമന്ത്രി ജീവൻ എടുക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്ന സൈക്കോപാത്താണ് മുഖ്യമന്ത്രി. കൊല്ലുക മാത്രമല്ല മൃതദേഹം മറവ് ചെയ്യാൻ പോലും പിണറായി അനുവദിക്കില്ല, അത്ര ക്രൂരനാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിയമവും നീതിയുമില്ല, അനീതി മാത്രം. തനിക്കെതിരെ കേസെടുത്തത് എന്തിനാണെന്ന് അറിയില്ല. കേസെടുത്തു ഭയപ്പെടുത്താൻ നോക്കണ്ടെന്നും കെ സുധാകരൻ പറഞ്ഞു. നിയമവാഴ്ചയുടെ തകർച്ചയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം സർക്കാർ സമ്മതിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. ഇനി പിണറായിക്ക് ഉറക്കമില്ലാത്ത രാത്രികൾ. ഡിജിപി ഓഫീസ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് 27ന് ബ്ലോക്ക് തലത്തിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.