ക്രെംലിന്‍: യുക്രെയ്‌നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇടനിലക്കാര്‍ വഴി സൂചന നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥരേയും അമേരിക്കന്‍ ഉദ്യോഗസ്ഥരേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ഇക്കാര്യം പറയുന്നത്.
നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സെപ്തംബര്‍ മുതല്‍ പുടിന്‍ ശ്രമം നടത്തുന്നുണ്ട്. രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധത്തിന് വിരാമമിടാനുള്ള കരാര്‍ അംഗീകരിക്കാന്‍ പോലും പുടിന്‍ തയ്യാറായേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നീണ്ട യുദ്ധത്തില്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ നിലവിലുള്ള സൈനികരുടെ തല്‍സ്ഥിതിയാണ് പുടിന്‍ തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രെംലിന്‍ നിശ്ശബ്ദമായി അയയുകയാണെങ്കിലും ഒരു മീറ്റര്‍ പിന്നോട്ടു പോകാന്‍ പുടിന്‍ തയ്യാറല്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ക്രിമിയ ഉള്‍പ്പെടെ റഷ്യയുടെ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കണമെന്നതാണ് യുക്രെയ്‌ന്റെ ലക്ഷ്യമെന്നതിനാല്‍ അവര്‍ ഈ ഘട്ടത്തില്‍ യുദ്ധവിരാമ കരാര്‍ അംഗീകരിക്കാന്‍ തയ്യാറാണോ എന്ന് വ്യക്തമല്ല.
യുക്രെയ്‌നിയന്‍ പ്രത്യാക്രമണം, യുദ്ധഭൂമിയിലെ സ്തംഭനാവസ്ഥ, സൈനിക സഹായം നല്‍കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധതയുടെ അഭാവം തുടങ്ങിയവയാണ് പുടിന്റെ നിലപാട് മാറ്റത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു.
ഇതാദ്യമല്ല റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നതും യുദ്ധം നിര്‍ത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നത്.
2022ല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് യുക്രെയ്ന്‍ റഷ്യയുടെ സൈന്യത്തെ പരാജയപ്പെടുത്തിയപ്പോള്‍ യുദ്ധക്കളത്തിലെ റഷ്യയുടെ പ്രകടനത്തില്‍ താന്‍ സംതൃപ്തനാണെന്നാണ് പുടിന്‍ പറഞ്ഞതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചില യു എസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ യുദ്ധത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ക്രെംലിനിന്റെ ശ്രമമാണെന്നും വിട്ടുവീഴ്ച ചെയ്യാനുളഅള പുടിന്റെ യഥാര്‍ഥ സന്നദ്ധതയല്ല ഇതെന്നുമാണ്.