പുതുലോകപ്പിറവിക്കായി രക്ഷകൻ പുൽക്കൂട്ടിൽ പിറന്ന വിവരമറിഞ്ഞു ആദ്യമെത്തിയ ആട്ടിടയർക്ക് വഴികാട്ടിയായത് ആകാശത്തുദിച്ചുയർന്ന ഒരു നക്ഷത്രമായിരുന്നു. ആ സ്മരണകളാണ് ക്രിസ്തുമസ് നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളായി പരിണമിച്ചത്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. വേറൊരു കഥകൂടി പ്രചാരത്തിലുണ്ട്. ക്രിസ്തു രാജാവാകുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഹെരോദ് രാജാവ്, രാജ്യത്ത് ജനിച്ച എല്ലാ ആൺ കുഞ്ഞുങ്ങളെയും കൊന്നുകളയാൻ കൽപ്പന കൊടുത്തു.
ഉണ്ണിയേശു എവിടെയെന്ന് അന്വേഷിച്ചെത്തിയ വിദ്വാന്മാരോട് കുഞ്ഞിനെ കണ്ടാൽ വിവരം പറയണമെന്ന് ഹെരോദ് ചട്ടം കെട്ടി. ബെത്‌ലഹേമിലേക്കു യാത്ര തിരിച്ച വിദ്വാന്മാർക്ക് വഴികാട്ടിയായത് ഒരു നക്ഷത്രമാണ്. ഈ നക്ഷത്രത്തെ അദ്ഭുത നക്ഷത്രമായാണ് കണ്ടിരുന്നത്. മതാധ്യക്ഷന്മാർ ബേത്‌ലഹേമിലെ താരകത്തെ ഒരു പ്രവചനത്തിന്റെ പൂർണ്ണതയായി കാണുന്നു. ജ്യോതിഷികളാകട്ടെ ആകാശത്ത് നടന്ന അസാധാരണ സംഭവവുമായും.ഈ ബേത്‌ലഹേം നക്ഷത്രത്തിന്റെ ഓർമയ്ക്കാണ് നാം നക്ഷത്രവിളക്കുകൾ ക്രിസ്മസ് വേളയിൽ അലങ്കാരത്തിനുപയോഗിക്കുന്നതെന്നത് പറഞ്ഞു പഴകിയ മറ്റൊരു കഥ.