ന്യൂഡൽഹി / വാഷിങ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽനിന്നുള്ളവർ. വാഷിങ്ടണിലെ പ്യു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ യു.എസിലെ കുടിയേറ്റക്കാരിൽ മെക്‌സിക്കോയും എൽസാൽവദോറിനും പിന്നിൽ ഇന്ത്യയിൽനിന്നുള്ളവരാണ്.
അടുത്തകാലത്തായി രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ഗണ്യമായ വർധനവാണ് അമേരിക്കയിലുണ്ടായതെന്നാണ് റിപ്പോർട്ട്. 2023ൽ രേഖകളില്ലാത്ത ഏകദേശം ഇന്ത്യയിൽനിന്നുള്ള 96,917 കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു.
അടുത്തിടെ ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ നൽകിയ കണക്ക് ഞെട്ടിക്കുന്നതാണ്. അനധികൃത കുടിയേറ്റത്തിന് പിടിയിലാകുന്നവരുടെ എണ്ണം പത്ത് വർഷം മുമ്പ് 1500 ഒക്കെ ആയിരുന്നെങ്കിൽ, ഇപ്പോൾ അത് ഒരു ലക്ഷത്തോളമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക്, ന്യൂജേഴ്സി, ഇല്ലിനോയിസ് സംസ്ഥാനങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ ഗണ്യമായ വർധനവാണ് ഉണ്ടായത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ വോട്ടർമാർക്കിടയിൽ അനധികൃത കുടിയേറ്റക്കാരുടെ വിഷയം സജീവ ചർച്ചയാണ്.