ഹ്യൂസ്റ്റണ്‍: ശ്രീനാരായണ ഗുരുമന്ദിരം സംഘടിപ്പിച്ച പ്രാര്‍ത്ഥന സംഗീത പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞനും കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ: മണക്കാല ഗോപാലകൃഷ്ണന്‍ ഗുരുദേവന്റെ ഗഹനവും സന്ദേശാത്മകവും ജനകീയവുമായ ഒരുപിടി കാവ്യങ്ങള്‍ക്കു സ്വന്തമായി സംഗീതം നല്‍കി വൈവിധ്യമാര്‍ന്ന സ്വരമാധുരിയോടെ ആലാപനം നടത്തി സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
മതമല്ല മനുഷ്യനാണ് മാറേണ്ടത് മനുഷ്യത്വമാണ് ഏറ്റവും മഹനീയമായ മതം തുടങ്ങിയ സന്ദേശങ്ങളുമായി കേരളത്തിന്റെ നവോഥാനത്തില്‍ നെടുനായകത്വം വഹിച്ച നാരായണ ഗുരുദേവന്റെ വിനായക അഷ്ടകത്തിലെ നവദേവ വൃന്ദം ലസദ്വേദ കന്ദം, എന്ന ലളിതമായ ഗണേശ സ്തുതിയില്‍ തുടങ്ങി ശാരദ കര്‍ണ്ണാമൃതത്തിലെ ദേവീ വര്‍ണ്ണനകളും, കോലതീരേശ്‌സ്തവ വരികളും ഹംസധ്വനി, ആനന്ദഭൈരവി, നാട്ടുകുറിഞ്ചി, ഹരഹര പ്രിയ എന്നീ രാഗങ്ങളില്‍ സംഗീതാമൃതമായി പെയ്തിറങ്ങുകയായിരുന്നു.പ്രവാസി മലയാളികളില്‍ ശാസ്ത്രീയ സംഗീതഅകമ്പടിയോടെ ഗുരുവചനങ്ങള്‍ എത്തിച്ച അപൂര്‍വ്വ സദസ്സിനെ പ്രവണിന്റെ വയലിനും ശബരി സുരേന്ദ്രന്റെ മൃദങ്കവും മികവുറ്റതാക്കി.
മഹാകവി ഉള്ളൂരിന്റെയും ജോയ് വാഴയിലിന്റെയും കവിതകള്‍ക്ക് സംഗീതാവിഷ്‌കാരം നല്‍കി കേരളത്തിലെ നിറഞ്ഞ വേദികളില്‍ അവതരിപ്പിച്ചു അഭിനന്ദനം ഏറ്റുവാങ്ങിയ ഡോ: ഗോപാലകൃഷ്ണന്റെ ഗുരുദേവ കൃതികളുടെ തെരഞ്ഞെടുക്കല്‍ ഗുരുദര്ശനങ്ങളുടെ സാര്‍വലൗകിക പ്രസക്തി ഊട്ടിഉറപ്പിക്കുവാന്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്ന് സദസ്സിലുണ്ടായിരുന്ന സഹൃദയര്‍ പ്രത്യാശ പങ്കുവച്ചു. ശ്രീനാരായണ ഗുരുമന്ദിരം ഭാരവാഹികള്‍ സംഗീതജ്ഞനെ ഉപഹാരം നല്‍കി ആദരിച്ചു.
പ്രതിവാര സംഗമത്തിന്റെ ഭാഗമായി നടത്തിയ വിശേഷ സംഗീത പരിപാടിയിലെത്തിയഅതിഥിയെയും സദസ്യരെയും മന്ദിരം സെക്രട്ടറി ബീന ചെല്ലപ്പന്‍ സ്വാഗതം ചെയ്യുകയും ജോയിന്റ് സെക്രട്ടറി ഷൈജി അശോകന്‍ നന്ദി അറിയിക്കുകയും ചെയ്തു. കാര്യപരിപാടികള്‍ക്ക് മധു ചെറിക്കലും മറ്റു ഭാരവാഹികളും ചേര്‍ന്ന് നേതൃത്വം നല്‍കി.