ബെംഗളൂരു: നടൻ രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത് ചൊവ്വാഴ്ച ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയിൽ ഹാജറായി ജാമ്യം എടുത്തു, ചെന്നൈ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസി നൽകിയ വഞ്ചന കേസില്‍ ജാമ്യം നേടാനായാണ് ലത ഹാജരായത്. നേരത്തെ ലതയ്ക്കെതിരെ നല്‍കിയ കേസിലെ സുപ്രധാന വകുപ്പുകള്‍ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എന്നാല്‍ എതിര്‍കക്ഷിയായ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒക്ടോബർ 10 ന് ലത രജനീകാന്തിനെതിരായ കുറ്റങ്ങൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചിരുന്നു. ലത രജനികാന്തിനെതിരെ ചുമത്തിയ വഞ്ചന കുറ്റം അടക്കമുള്ള വകുപ്പുകളാണ് നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍ ഇത് സുപ്രീംകോടതി പുനസ്ഥാപിച്ചതോടെയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ കേസിലെ വിചാരണ ആരംഭിച്ചത്.
ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 6.2 കോടി രൂപ മോഷൻ ക്യാപ്ച്വര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച രജനികാന്ത് നായകനായ ‘കൊച്ചടിയാൻ’ നിർമ്മിച്ച മീഡിയ വൺ എന്റർടെയ്ൻമെന്‍റിലെ മുരളി എന്ന വ്യക്തിക്ക് വായ്പ നൽകിയിരുന്നു. മുരളിക്ക് നൽകിയ വായ്പയ്ക്ക് ഗ്യാരണ്ടിയായി ഒപ്പുവച്ചത് ലത രജനികാന്ത് ആയിരുന്നു.