തിരുവനന്തപുരം: ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. എച്ച് ഡി ദേവഗൗഡ വിഭാഗവുമായും സി കെ നാണു വിഭാഗവുമായും ബന്ധം വേണ്ടെന്നാണ് സംസ്ഥാന നേതൃയോഗത്തിലെ തീരുമാനം. മറ്റ് ജനതാ പാർട്ടികളുമായി ലയിക്കുന്നത് പരിഗണിക്കും. സി കെ നാണു വിഭാഗവുമായി ബന്ധമില്ല, നാണുവിൻെറ നീക്കങ്ങൾ ഏകപക്ഷീയമെന്നും നേതൃയോഗം വിമർശിച്ചു.
ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചെങ്കിലും ചിഹ്നത്തിന്റെയും കൊടിയുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുകയുള്ളു എന്ന് മാത്യു ടി തോമസ് വ്യക്തമാക്കി.
2006ൽ ബിജെപിയുമായുള്ള ബന്ധത്തിൻെറ പേരിൽ ബന്ധം വിഛേദിച്ചപ്പോൾ ചിഹ്നവും കൊടിയും മാറ്റിയിരുന്നില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. കർണാടകയിൽ ജെഡിഎസ് ബിജെപി സഹകരണം ഉളളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്. അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റിൽ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.