ന്യൂഡൽഹി: എംഫിൽ കോഴ്‌സുകൾ അംഗീകൃത ബിരുദമല്ലെന്ന് യുണിവേഴ്‌സിറ്റ് ഗ്രാന്റ് കമ്മിഷൻ. വിദ്യാർഥികൾ എംഫിൽ കോഴ്‌സുകളിൽ പ്രവേശനം നേടരുതെന്നും സർവകലാശാലകൾ എംഫിൽ കോഴ്‌സുകൾ നടത്തരുതെന്നും യു.ജി.സി അറിയിച്ചു. എംഫിൽ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ മുന്നറിയിപ്പ്.
‘ഏതാനും സർവകലാശാലകൾ എംഫിൽ കോഴ്‌സിലേക്ക് പുതിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി യു.ജി.സിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, എംഫിൽ കോഴ്‌സ് അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി വ്യക്തമാക്കുകയാണ്. യു.ജി.സിയുടെ (മിനിമം സ്റ്റാൻഡേർഡ്‌സ് ആൻഡ് പ്രൊസീജേഴ്‌സ് ഫോർ അവാർഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എംഫിൽ പ്രോഗ്രാം വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് പറയുന്നുണ്ട്. അതിനാൽ അഡ്മിഷൻ നിർത്താൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണം’-യു.ജി.സിയുടെ സർക്കുലറിൽ പറയുന്നു.
എംഫിൽ കോഴ്‌സുകൾ നിർത്താൻ യു.ജി.സി നേരത്തെ തന്നെ സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു. കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ കോഴ്‌സുകൾ നിർത്താൻ 2021 ഡിസംബറിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു.