പത്തനംതിട്ട : നാല്‍പ്പത്തിയൊന്നുദിവസം നീണ്ട ശബരില മണ്ഡലകാല തീര്‍ഥാടനത്തിന് മണ്ഡലപൂജയോടെ പരിസമാപ്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. രാത്രി പതിനൊന്നിന് അടയ്ക്കുന്ന നട മകരവിളക്ക് മഹോല്‍സവത്തിനായി മുപ്പതിന് തുറക്കും. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. ശബരിമല തീർഥാടന കാലത്തിന്റെ ആദ്യ ഘട്ടത്തിന് പരിസമാപ്തി. വിവിധ അഭിഷേകങ്ങൾ പൂർത്തിയാക്കി 10.30 തന്നെ മണ്ഡല പൂജ ചടങ്ങുകൾ തുടങ്ങി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
ഇന്ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ തീർഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നെങ്കിലും മണ്ഡലപൂജ ദിവസം തീർഥാടകരുടെ നിര ക്യൂ കോംപ്ലക്സ് വരെയായി കുറഞ്ഞു. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും ഏറെ പഴി കേട്ടിരുന്നു. എന്നാൽ പിന്നീട് ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിയിട്ടും ദർശനത്തിന് തടസമുണ്ടായില്ല.