ദോഹ: ലോകത്തിലെ ഏറ്റവും വലുതും, ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോയുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും ഒന്നാമതെത്തി ഖത്തര്‍. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്‌സില്‍ 169.77 പോയിന്റ് നേടിയാണ് ഖത്തര്‍ മികച്ച സ്ഥാനം അലങ്കരിച്ചത്.
ജനങ്ങളുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷി, രാജ്യത്തെ മികച്ച സുരക്ഷ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ആരോഗ്യ സംരക്ഷണം എന്നിവയാണ് ഖത്തറിനെ ജീവിതനിലവാര സൂചികയില്‍ മുന്നിലെത്തിച്ചത്. ഖത്തറിന് പിന്നിലായി 162.41 പോയിന്റുമായി യുഎഇ ഗള്‍ഫില്‍ രണ്ടാമതെത്തി. സഊദി അറേബ്യ (149.43), ബഹ്‌റൈന്‍ (144.59), കുവൈത്ത് (134.57) എന്നിങ്ങനെയാണ് പോയിന്റ് നില.
വാങ്ങല്‍ ശേഷിയില്‍ ഖത്തറിന് 127.79 പോയിന്റും സുരക്ഷാ സൂചികയില്‍ 84.56 പോയന്റും ആരോഗ്യ സംരക്ഷണ സൂചികയില്‍ 73.13 പോയിന്റുമാണുള്ളത്. ഇവയിലൊക്കെ ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഖത്തറിനുണ്ട്.
നംബിയോ ക്രൈം ഇന്‍ഡക്‌സില്‍ ലോകത്തിലെ സുരക്ഷിത രാജ്യം എന്ന സ്ഥാനം ഖത്തര്‍ നിലനിര്‍ത്തി. 2017 മുതല്‍ ഖത്തര്‍ ഈ സ്ഥാനത്തുണ്ട്. സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ ഉയര്‍ന്ന സ്ഥാനം നിരവധി തവണ അലങ്കരിച്ചിരുന്നു.
നംബിയോ ഹെല്‍ത്ത് കെയര്‍ സൂചികയില്‍ 2021ല്‍ ഖത്തര്‍ 73 പോയിന്റുമായി ലോകത്തെ മികച്ച 20 രാജ്യങ്ങളില്‍ ഇടം നേടിയിരുന്നു. സമീപവര്‍ഷങ്ങളിലായി വിവിധ ഏജന്‍സികളുടെ അന്താരാഷ്ട്ര റാങ്കിങില്‍ നിരവധി മേഖലകളില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്. സുരക്ഷ, ആരോഗ്യ സംരക്ഷണം, സമാധാനം തുടങ്ങി നിരവധി മേഖലകളാണ് ഖത്തറിന് കരുത്തായത്.