Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്‌സഭ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കോണ്‍ഗ്രസ് റാലി

ലോക്‌സഭ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി കോണ്‍ഗ്രസ് റാലി

നാഗ്പൂര്‍: ലക്ഷങ്ങളെ അണിനിരത്തി നാഗ്പൂരില്‍ നടത്തിയ റാലിയിലൂടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരെയും സാക്ഷിയാക്കി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

‘രാജ്യത്തെ ജനങ്ങളുടേതായ സ്വതന്ത്ര സ്ഥാപനങ്ങളെയെല്ലാം ഏറ്റെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഇന്ത്യ അത്തരം സംവിധാനങ്ങളെ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളെല്ലാം ജനങ്ങളുടേതാണ്. ഇതെല്ലാം പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ നോക്കൂ. അവരെല്ലാവരും ഒരു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് ഒന്നും അറിയില്ല. എന്തെങ്കിലും കഴിവിന്റെ മുകളിലല്ല അവരെ നിയമിക്കുന്നത്.’, രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ബുദ്ധിമുട്ടിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ സംഘ് സര്‍ക്കാരിന്റെ വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ ഈ രാജ്യവും ജനാധിപത്യവും അവസാനിക്കും. മഹാത്മാഗാന്ധിയും അംബേദ്കറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മഹത്തായ പ്രദേശമാണ് നാഗ്പൂര്‍. വിപ്ലവകാരികളുടെ മണ്ണ്. കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയും സംഘപരിവാറും രാജ്യത്തെ ബുദ്ധിമുട്ടിക്കുന്നു. ഇനിയും അവര്‍ അധികാരത്തിലെത്തിയാല്‍ ജനാധിപത്യം ഇല്ലാതാവുമെന്നും ഖാര്‍ഗെ പറഞ്ഞു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ന്യാസ് പദ്ധതി തിരിച്ചുകൊണ്ടുവരുന്ന പ്രധാനപ്പെട്ട പ്രഖ്യാപനവും ഖാര്‍ഗെ നടത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും ന്യായ് പദ്ധതി നടപ്പിലാക്കും. പദ്ധതിയ്ക്ക് കീഴില്‍ വനിതകള്‍ക്ക് 60000-70000 രൂപ ഉറപ്പ് വരുത്തും. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ ലഭിക്കുന്ന തരത്തില്‍ മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ന്യായ് പദ്ധതിയാണ്.

ജാതി സെന്‍സസ് ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉയര്‍ത്തുമെന്ന തരത്തിലും ഖാര്‍ഗെ പ്രസംഗിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും ആകാശം മുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെകുറിച്ച് ഒന്നും പറയുന്നില്ല. 30 ലക്ഷം ജോലി അവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അത് നികത്തുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ആലോചിക്കുന്നില്ല. കാരണം അവ നികത്തിയാല്‍ സംവരണ ജാതികളില്‍പെട്ടവര്‍ക്കും പിന്നാക്കകാര്‍ക്കും ജോലി ലഭിക്കുമെന്നതിനാലാണെന്നും ഖാര്‍ഗെ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരാണ് റാലിയിലേക്ക് എത്തിയത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോള്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല എന്നിവരടക്കം നിരവധി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com