മാസച്യുസിറ്റ്‌സ്: ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ കൗമാരക്കാരിയായ മകളെയും യുഎസിലെ മാസച്യുസിറ്റ്‌സിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകുന്നേരം ബോസ്റ്റണിനടുത്തുള്ള അവരുടെ ഡോവർ മാൻഷനിൽ കണ്ടെത്തിയതായി നോർഫോക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ മോറിസി പറഞ്ഞു. ടീനയും ഭർത്താവും മുമ്പ് എഡുനോവ എന്ന പേരിൽ വിദ്യാഭ്യാസ സംബന്ധമായ കമ്പനി നടത്തിയിരുന്നു.
ഭർത്താവിന്‍റെ മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തി. മൂന്ന് കുടുംബാംഗങ്ങളും വെടിയേറ്റാണോ മരിച്ചതെന്ന് കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമാക്കുന്നതിന് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സമീപ വർഷങ്ങളിൽ ദമ്പതികൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കണക്കുകൾ പരിശോധിച്ച ശേഷം അധികൃതർ അറിയിച്ചു.
രണ്ടുദിവസമായി വീട്ടുകാരിൽ നിന്ന് വിവരമൊന്നും കേൾക്കാത്തതിനെത്തുടർന്ന് ബന്ധുക്കളിലൊരാൾ വീട്ടിൽ പരിശോധിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് ജില്ലാ അറ്റോർണി പറഞ്ഞു. വീട്ടിൽ നിന്ന് മുമ്പ് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോറിസി കൂട്ടിച്ചേർത്തു. അന്വേഷണം വളരെ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, ഇപ്പോൾ ലഭ്യമായ തെളിവുകൾ പ്രകാരം മരണം ഏതെങ്കിലും ബാഹ്യ ഇടപെടലുണ്ടെന്ന് സൂചനയില്ല. 5.45 മില്യൻ ഡോളർ വിലമതിക്കുന്ന കുടുംബത്തിന്‍റെ വിശാലമായ വീട് ഒരു വർഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും മാസച്യുസിറ്റ്‌സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്സ് എൽഎൽസിക്ക് 3 മില്യൻ ഡോളറിന് വിറ്റതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.