ന്യൂഡൽഹി: ഖത്തർ അപ്പീൽ കോടതി വധശിക്ഷയിൽ ഇളവ് നൽകിയ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷ. ഒരാൾക്ക് 25 വർഷവും നാലുപേർക്ക് 15 വർഷവും രണ്ടുപേർക്ക് 10 വർഷവും ഒരാൾക്ക് മൂന്നു വർഷവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളിയായ നാവികൻ രാഗേഷ് ഗോപകുമാറിനാണ് മൂന്നുവർഷം തടവുശിക്ഷ ഖത്തർ കോടതി വിധിച്ചത്.
വിധിയുടെ കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗികമായി ലഭിക്കുന്നതുവരെ അഭിപ്രായം പറയുന്നില്ലെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകിയത്. നിയമ വിദഗ്ധരുമായും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും ആലോചിച്ച് സാധ്യമായ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തടവിലുള്ളവർ 56 വയസ്സിന് മുകളിലുള്ളവരാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ബന്ധുക്കൾ പറയുന്നു. കേസിൽ ഇതുവരെ ആറ് അപ്പീൽ വാദങ്ങളാണ് നടന്നത്. മൂന്ന് അപ്പീൽ കോടതിയിലും മൂന്ന് കീഴ്ക്കോടതിയിലുമായാണ് വാദങ്ങൾ നടന്നത്. ശിക്ഷിക്കപ്പെട്ടവരെ ഇന്ത്യയിലേക്ക് മാറ്റാൻ ഖത്തറുമായുള്ള ഇന്ത്യയുടെ 2015ലെ കരാർ പ്രകാരമുള്ള എല്ലാ നിയമപരമായ വഴികളും തേടുമെന്നും ബന്ധുക്കൾ പറഞ്ഞു.
ഇറ്റലിയില്‍നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യനീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിനല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ച ശേഷം ഖത്തര്‍ നാവികസേനക്ക് പരിശീലനം നല്കാൻ കരാറില്‍ ഏര്‍പ്പെട്ട ദഹ്റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്.